തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും, മുൻ മുഖ്യമന്ത്രിയും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് വൈകിട്ട് 3.20 ഓടെയായിരുന്നു അന്ത്യം. കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് വിപ്ലവത്തിൻ്റെ ഈ കാരണവർ അരങ്ങൊഴിയുന്നത്.
മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിൻ്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. തുടർന്ന് നാളെ ഉച്ചയോടെ മൃതദേഹം അദ്ദേഹം ജനിച്ചു വളർന്ന ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ നടക്കും.
പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ജീവിതം
വി.എസ്. അച്യുതാനന്ദൻ എന്ന പേര് കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവുമായി അത്രമേൽ കെട്ടുപിണഞ്ഞു കിടക്കുന്നു. 1923 ഒക്ടോബർ 20 ന് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായാണ് വി.എസ്. അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം 11 വയസ്സായപ്പോൾ അച്ഛനും മരിച്ചതോടെ അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞ ബാല്യം താണ്ടി. പഠിക്കാനുള്ള അടങ്ങാത്ത മോഹമുണ്ടായിരുന്നിട്ടും, ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസ്സിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു.
ജാതി വ്യവസ്ഥ അതിരൂക്ഷമായി നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സവർണ കുട്ടികളിൽ നിന്ന് നേരിട്ട ജാതി അധിക്ഷേപങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ച രീതി, അന്നേ വ്യവസ്ഥിതിയോടുള്ള അദ്ദേഹത്തിൻ്റെ കലഹത്തിൻ്റെ സൂചനയായിരുന്നു. ഒരു “ചോവച്ചെറുക്കൻ” എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ ബൽറ്റൂരിയെടുത്ത് ഓടിച്ച സംഭവം, ചെറുപ്പത്തിലേ അദ്ദേഹത്തിൽ അന്തർലീനമായിരുന്ന പോരാട്ടവീര്യത്തിന് തെളിവാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വി.എസ്. അച്യുതാനന്ദൻ, അതിവേഗം അതിൻ്റെ മുൻനിര പോരാളിയായി മാറി. 1957 ൽ കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, സംസ്ഥാന നേതൃനിരയിലെ പ്രമുഖനായിരുന്നു അദ്ദേഹം. 1964 ലെ പാർട്ടിയുടെ പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിൻ്റെ ശക്തമായ പോരാട്ടങ്ങൾ, വെട്ടിപ്പിടിക്കലുകൾ, വെട്ടിനിരത്തലുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഭാഗീയ പോരാട്ടങ്ങൾ, മാരാരിക്കുളം തോൽവി തുടങ്ങി കേരള രാഷ്ട്രീയത്തിലെ നിരവധി നിർണ്ണായക മുഹൂർത്തങ്ങൾക്ക് അദ്ദേഹം സാക്ഷിയായി. ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിൻ്റെ കമ്മ്യൂണിസ്റ്റ് ജീവിതത്തിലെ കനൽവഴികളായിരുന്നു.
വി.എസ്. എന്ന രണ്ടക്ഷരം കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാരണവരായി അദ്ദേഹം ആദരിക്കപ്പെട്ടു. പാർട്ടിയിൽ നിന്ന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും, പരിഹസിക്കപ്പെട്ടപ്പോഴും, ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴും, അദ്ദേഹം സ്വന്തം ജീവിതത്തിലൂടെയും പോരാട്ടങ്ങളിലൂടെയും മറുപടി നൽകി. വെടിയുണ്ടയുടെയും, തൂക്കുമരത്തിൻ്റെയും, വാരിക്കുന്തത്തിൻ്റെയും രക്തമിറ്റുന്ന കഥകൾ പറഞ്ഞ് അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി.
ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോഴും, പതിനായിരങ്ങൾ ഇന്നും നെഞ്ചോട് ചേർത്ത് വിളിക്കുന്നത് “കണ്ണേ… കരളേ….എസ്സേ..” എന്നാണ്. കേരള രാഷ്ട്രീയത്തിൽ ഇനി ആ വിപ്ലവ സിംഹത്തിൻ്റെ മുഴങ്ങുന്ന ശബ്ദമില്ല. എന്നാൽ, അദ്ദേഹം പകർന്നു നൽകിയ പോരാട്ടവീര്യവും, സാധാരണക്കാർക്ക് വേണ്ടിയുള്ള അചഞ്ചലമായ നിലപാടുകളും എന്നും കേരളത്തിന് വഴികാട്ടിയായി നിലനിൽക്കും. വി.എസ്. അച്യുതാനന്ദൻ എന്ന സമരസൂര്യൻ മലയാളിയുടെ മനസ്സിൽ എന്നെന്നും ജ്വലിച്ചുനിൽക്കും.
