ഇരിങ്ങാലക്കുട: “അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന രംഗകലകളെ തിരികെ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം.” നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ട കലാകാരനുമായ വേണുജിയുടെ വാക്കുകളാണിവ. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന രണ്ടാമത് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലകൾ നമ്മുടെ പൈതൃകമാണ്, എന്നാൽ പല കലാരൂപങ്ങളും ഇന്ന് അന്യം നിന്ന് പോവുകയാണ്. “വിദ്യാർത്ഥികൾ പഠനത്തിനൊപ്പം തന്നെ ഈ അപൂർവ കലകളെ സംരക്ഷിക്കാനും അവയ്ക്ക് പ്രാധാന്യം നൽകാനും ശ്രദ്ധിക്കണം,” വേണുജി പറഞ്ഞു.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സിനും ഫെസ്റ്റിവൽ ബാഗിനുമുള്ള വിതരണോദ്ഘാടന വേളയിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹോളി ഫാമിലി സന്യാസ സഭ മദർ ജനറൽ ഡോ. സി. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട്, ഋതു ഫിലിം ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബിത ഇമ്മാനുവൽ, ഋതു ഫിലിം ഫെസ്റ്റ് കോർ കമ്മിറ്റി കോർഡിനേറ്റർ ശ്രുതി ദീപക്, ഋതു ഫിലിം ഫെസ്റ്റിവൽ കൺവീനർ അരവിന്ദ്. പി. വി എന്നിവരും സംസാരിച്ചു.

